ന്യൂഡൽഹി: പാർട്ടിക്കുള്ളിലുള്ളവർ അഭിപ്രായം പറയുമ്പോൾ അതു പാർട്ടിക്കു പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേരളത്തിലും രാജ്യത്തു മുഴുവനും സിപിഎം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഒരിക്കലും ദോഷകരമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവാദങ്ങൾ സംസ്ഥാനത്തുതന്നെ ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിലെ ഭിന്നാഭിപ്രായങ്ങൾ സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര കമ്മിറ്റി യോഗത്തിലും നേതാക്കൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. വിഷയത്തിലെ ആരോപണവും വിവാദവും അനാവശ്യമാണെന്നായിരുന്നു ഇ.പി. ജയരാജന്റെ അഭിപ്രായം. എന്നാൽ തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ അഭിപ്രായത്തോടു യോജിച്ചില്ല.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയിലും വിമർശനമുണ്ടായി. അധികാര വ്യാമോഹം നേതാക്കളിൽ കടന്നുകൂടിയതിന്റെ തെളിവ് സ്ഥാനാർഥിനിർണയത്തിൽ ഉൾപ്പെടെ പ്രതിഫലിച്ചുവെന്നായിരുന്നു വിമർശനം.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രനേതൃത്വത്തിനു വീഴ്ച പറ്റിയെന്നും പാർട്ടിയിൽ കൃത്യമായ ഇടപെടൽ നടത്താൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.